സംസ്ഥാനത്ത് മഹാദുരിതം വിതച്ച പ്രളയത്തിൽ ഇതുവരെ 324 പേർ മരിച്ചതായി മുഖ്യമന്ത്രി
1,193 views · Published 17 August 2018 · 12:55 · Indexed 20 September 2026
Channel: Monsoon Media · 2018 · News & Politics
സംസ്ഥാനത്ത് മഹാദുരിതം വിതച്ച പ്രളയത്തിൽ ഇതുവരെ 324 പേർ മരിച്ചതായി മുഖ്യമന്ത്രി . മേയ് 29ന് പേമാരി തുടങ്ങിയതു മുതലുള്ള കണക്കാണിത്. ഈ മാസം ഇതുവരെ മരിച്ചത് 164 പേരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 82,442 പേരെ രക്ഷപ്പെടുത്തി. പ്രളയം സാരമായി ബാധിച്ചിട്ടുള്ള ചെങ്ങന്നൂർ, ചാലക്കുടി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും ഇനിയുള്ള രക്ഷാപ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. വൈകുന്നേരത്തെ കണക്കനുസരിച്ച് 7085 കുടുംബങ്ങളിലെ 3,14,391 പേർ 2094 ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ഇവിടെ എല്ലാവർക്കും ഭക്ഷണവും വെള്ളവും ലഭ്യമാക്കും. പൊലീസും ഫയർഫോഴ്സും കേന്ദ്രത്തോടൊപ്പം ഫലപ്രദമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഹെലികോപ്റ്റർ, ബോട്ട് എന്നിവ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്. അടുത്തദിവസം ഭക്ഷണ വിതരണം കൂടുതൽ വ്യാപകമാക്കും. വിവിധ സംസ്ഥാനങ്ങൾ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ട്. കുടിവെള്ളം വിതരണം ചെയ്യാമെന്നു റെയിൽവേ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 40,000 പൊലീസുകാർ, 3200 ഫയർഫോഴ്സുകാർ, 46 നേവി, 13 എയർഫോഴ്സ്, 18 ആർമി, 16 കോസ്റ്റ്ഗാർഡ്, 24 എൻഡിആർഎഫ് യൂണിറ്റുകൾ വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തു. നിരവധി ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. ആർമിയുടെ 12 ബോട്ടുകൾ കൂടി ശനിയാഴ്ച ചാലക്കുടിയിലെത്തും. ചെങ്ങന്നൂരിൽ 15 ആർമി ബോട്ടുകളും തിരുവല്ലയിൽ 10 ബോട്ടുകളും കൂടുതലായി ഉപയോഗിക്കും. ചാലക്കുടി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിൽ നാലു വ്യോമസേന ഹെലികോപ്റ്ററുകൾ ഉപയോഗിക്കും.